മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് വിറ്റ കേസിൽ കള്ളുഷാപ്പ് ജീവനക്കാരനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ കടവല്ലൂർ സ്വദേശി കുന്നത്ത് ഞാലിൽ സജീവൻ (60) ആണ് പിടിയിലായത്.
ചങ്ങരംകുളം എസ്.ഐ. നസിയ എം. സാഹിബ്, എസ്.ഐ. ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ‘ഓപ്പറേഷൻ തുഫാൻ’ പരിശോധനയുടെ ഭാഗമായാണ് സംഭവം പുറത്തറിയുന്നത്.
പരിശോധനയ്ക്കിടെ കോക്കൂരിൽ നിന്ന് മദ്യപിച്ച നിലയിൽ ഒമ്പതോളം വിദ്യാർഥികളെ പോലീസ് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സമീപത്തെ കള്ളുഷാപ്പിൽ നിന്ന് കള്ള് വാങ്ങി കുടിച്ചതാണെന്നും സ്ഥിരമായി അവിടെ നിന്നാണ് മദ്യം ലഭിക്കുന്നതെന്നും വിദ്യാർഥികൾ മൊഴി നൽകിയത്.
തുടർന്ന് പോലീസ് കള്ളുഷാപ്പിലെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രായപൂർത്തിയാകാത്തവർക്ക് കള്ള് വിറ്റതായി ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ കള്ളുഷാപ്പ് ഉടമയ്‌ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ സജീവനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

















































