കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിലെ അതൃപ്തിയും നേതൃത്വത്തിനെതിരായ പ്രതിഷേധവും ശക്തമാകുന്നതിനിടെയാണ് നിർണായക തീരുമാനം.
ഇന്ന് മമത ബാനർജി നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പാർട്ടിയുടെ ഭൂരിഭാഗം ജനപ്രതിനിധികളും വിട്ടുനിന്നത് നേതൃത്വത്തിന് വലിയ തിരിച്ചടിയായി. 80 എംഎൽഎമാരുള്ള ടിഎംസിയിൽ നിന്ന് വെറും എട്ട് എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ലോക്സഭയിലും രാജ്യസഭയിലുമായി 42 എംപിമാരുള്ള പാർട്ടിയിൽ നിന്ന് ആറുപേർ മാത്രമാണ് പ്രതിഷേധ പരിപാടിയിൽ എത്തിയത്.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്കകം സംഘടനാ തലത്തിൽ വലിയ അഴിച്ചുപണിയിലേക്ക് നേതൃത്വം കടന്നതും ശ്രദ്ധേയമായി.
‘ശ്രദ്ധാപൂർവമായ വിലയിരുത്തലിന് ശേഷം പശ്ചിമ ബംഗാളിലെ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നു’ എന്ന് പാർട്ടി നേതൃത്വം എക്‌സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ തലങ്ങളിലും സമഗ്രമായ ആത്മപരിശോധനയും സംഘടനാ വിലയിരുത്തലും നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെയും പോഷക സംഘടനകളുടെയും ഘടന പുനഃസംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പുതിയ നേതൃത്വ ഘടനയും സംഘടനാ ക്രമീകരണങ്ങളും പിന്നീട് പ്രഖ്യാപിക്കുമെന്നും പാർട്ടി അറിയിച്ചു.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ടിഎംസി രൂപീകരിച്ചതിന് ശേഷം പാർട്ടി കൈക്കൊള്ളുന്ന ഏറ്റവും വലിയ സംഘടനാ നടപടികളിലൊന്നായാണ് ഇതിനെ കാണുന്നത്.



















































