തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സാന്നിധ്യത്തിനെതിരെ മാധ്യമപ്രവർത്തകരുടെ ശക്തമായ പ്രതിഷേധം.
മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിക്കൊപ്പം വാർത്താസമ്മേളന വേദിയിൽ ഇരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് മാധ്യമപ്രവർത്തകർ വ്യക്തമാക്കി.
‘കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ വാർത്താസമ്മേളന ഹാളിൽ സംഘർഷസമാന സാഹചര്യം രൂപപ്പെട്ടു.
തുടർന്ന് പ്രതിഷേധം തുടരുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽനിന്ന് പുറത്തിറങ്ങിപ്പോയി. അതോടെയാണ് വാർത്താസമ്മേളന നടപടികൾ മുന്നോട്ടുപോയത്.


















































