പാലക്കാട്: പാലക്കാട് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പിടിയിലായത്.
കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പ്രതികളിൽനിന്ന് പിടിച്ചെടുത്തു.
പിടികൂടിയ ലഹരിവസ്തുക്കൾക്ക് ഏകദേശം ഒരു കോടി രൂപ വിലവരുമെന്നാണ് പൊലീസ് പറയുന്നത്. ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ടാണ് പ്രതികൾ ലഹരിമരുന്ന് കേരളത്തിലെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവിൽനിന്നാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എത്തിച്ചതെന്നാണ് വിവരം. തമിഴ്നാട്ടിൽനിന്ന് വാടകയ്ക്കെടുത്ത ഇന്നോവ കാറിലാണ് ലഹരിമരുന്ന് കടത്തിയത്.
പിടിയിലായവർ സ്ഥിരം ലഹരിക്കടത്തുകാരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഘത്തിന് പിന്നിൽ വൻ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






