കൊല്ലം: തോട് വൃത്തിയാക്കുന്നതിനിടെ ലഭിച്ച പ്ലാസ്റ്റിക് ടിൻ തുറന്ന തൊഴിലുറപ്പ് തൊഴിലാളികൾ അമ്പരന്നു. ടിന്നിനുള്ളിൽ വിവിധ തരത്തിലുള്ള വെള്ളി ആഭരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
മരുതമൺപള്ളി ക്ഷേത്രത്തിന് സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ടിൻ ലഭിച്ചത്. ടിൻ തുറന്ന് പരിശോധിച്ചപ്പോൾ 35 ജോടി പാദസരം, രണ്ട് ജോടി കാൽത്തള, രണ്ട് ഏലസ്, അഞ്ച് മൂക്കുത്തി, രണ്ട് ജോടി കമ്മൽ, ഒരു മോതിരം, ഒരു ഇടിവള എന്നിവ ഉൾപ്പെടെ ഏകദേശം 40 ജോടിയോളം വെള്ളി ആഭരണങ്ങൾ കണ്ടെത്തി.
തുടർന്ന് തൊഴിലാളികൾ വാർഡ് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് അംഗം പൊലീസിനെ വിവരം അറിയിച്ചതോടെ പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ടിൻ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് ആഭരണശാലകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള വൈദ്യുത ത്രാസും കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങളും ത്രാസും തോട്ടിലൂടെ ഒഴുകിയെത്തിയതാണോ, അതോ ആരെങ്കിലും മനപ്പൂർവം ഉപേക്ഷിച്ചതാണോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
കണ്ടെത്തിയ വസ്തുക്കൾ മോഷണമുതലാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ ആഭരണശാലകളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ വെള്ളി ആഭരണങ്ങളോ ത്രാസോ നഷ്ടമായതായി പരാതി ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.















































