കോഴിക്കോട്: പൊയിൽകാവ് സ്വദേശിനിയായ സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ. കൊയിലാണ്ടി ബീവറേജിന് മുന്നിൽ മദ്യം വാങ്ങാൻ കാത്തുനിൽക്കുന്നതിനിടെയാണ് പ്രതിയെ കൊയിലാണ്ടി പൊലീസ് ഇന്ന് വൈകിട്ട് പിടികൂടിയത്. നിലവിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
പൊയിൽകാവ് ബീച്ചിന് സമീപത്തെ നാലുസെന്റ് കോളനിയിലാണ് സംഭവം. 58-കാരിയായ സുധയെ വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ച് വാക്കത്തി ഉപയോഗിച്ച് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയോടെയായിരുന്നു കൊലപാതകം നടന്നത്. രക്തത്തിൽ കുളിച്ച നിലയിൽ ഷെഡിൽ കിടന്നിരുന്ന മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാക്കത്തിയും പൊലീസ് കണ്ടെടുത്തു.
കൃത്യം നടത്തിയ ശേഷം മരംവെട്ട് തൊഴിലാളിയായ കുട്ടികൃഷ്ണൻ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കകം ഇയാളെ കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നും കുടുംബപ്രശ്നങ്ങളോ മറ്റ് തർക്കങ്ങളോ സംഭവത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം സുധയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.













































