തൃശൂര്‍: തിരുവമ്പാടി ദേവസ്വം ഇത്തവണ വെടിക്കെട്ടിന് ഇല്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും ഗിരീഷ് കുമാർ പറഞ്ഞു.
തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുന്നത്. നിരോധിത വെടിമരുന്ന് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലയെന്നും ഗിരീഷ് കുമാർ പറഞ്ഞു. സതീശൻ മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാർ പറഞ്ഞു.
അതേസമയം, പൂരം നടത്തിപ്പില്‍ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും രാജേഷ് പറഞ്ഞു.
‘‘ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ജില്ലാഭരണകൂടവുമായി ചേര്‍ന്ന് കൂടിയാലോചിച്ച ശേഷമാണ് തുടര്‍ നടപടികളില്‍ തീരുമാനമെടുക്കുക. വളരെയധികം ആലോചിച്ച് തീരുമനാമെടുക്കേണ്ട കാര്യമാണിത്. ജനങ്ങളുടെ വികാരം കൂടി ഇതിലുണ്ട്. ഇത്രയും ആളുകള്‍ മരിക്കുമ്പോള്‍ അതില്‍ പെതുജനത്തിന് ഉണ്ടാകുന്ന ഒരു വികാരമുണ്ട്. അതും ആചാരങ്ങളും കണക്കിലെടുത്തുകൊണ്ട് ഒരു സന്തുലിതമായ തീരുമാനമാകും ഉണ്ടാവുക.
ജില്ലാഭരണകൂടം എന്ത് പറയുന്നുവോ അതിനൊപ്പം നിന്ന് തീരുമാനങ്ങളെടുക്കും. ഇന്നലെ മുഴുവന്‍ സമയവും ഞങ്ങള്‍ തിരുവമ്പാടി ദേവസ്വത്തിലായിരുന്നു. മൃതദേഹങ്ങളുടെ തിരച്ചില്‍ ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. യോഗം കൂടാനുള്ള സാഹചര്യം ഇതുവരെയും ഉണ്ടായിട്ടില്ല. സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ തീരുമാനവും ജനവികാരവും കണക്കിലെടുത്തുകൊണ്ട് മാത്രമാകും തീരുമാനമെടുക്കുക. തൃശൂര്‍ പൂരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ ഇങ്ങനെയൊരു ദുരന്തം ഉണ്ടായിരിക്കുന്നത്. തിരുവമ്പാടിയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒപ്പമാണ്. ഇത്തരമൊരു അപകടം നടന്നതില്‍ കേരള സമൂഹം മുഴുവന്‍ വളരെയധികം ദുഃഖത്തിലാണ്. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയെന്നതാണ് ചെയ്യേണ്ടത്’’ – രാജേഷ് പറഞ്ഞു.














































