തൃശ്ശൂർ: തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനം തടസ്സപ്പെടുത്തി യുവതിയുടെ പ്രതിഷേധം. തൃശൂർ കളക്ടറേറ്റിലെ പിആർ ചേമ്പറിൽ വാർത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാർക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു. തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളിൽ അധികൃതർ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് അവർ മാധ്യമങ്ങൾക്കും മന്ത്രിമാർക്കും മുന്നിൽ നിലയുറപ്പിച്ചത്. മന്ത്രിമാർ നേരിട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാത്തതിനെ തുടർന്ന് സംഭവസ്ഥലത്ത് വനിതാ പോലീസ് എത്തുകയും പ്രതിഷേധക്കാരിയെ അവിടെനിന്നും നീക്കംചെയ്യുകയുമായിരുന്നു.
മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാൻ മന്ത്രിമാർ എത്തിയപ്പോൾ യുവതി ക്യാമറകൾക്ക് മുന്നിൽ നിലയുറപ്പിക്കുകയും വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് പറയുകയുമായിരുന്നു. യുവതിയുടെ വീടുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് പ്രതിഷേധത്തിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് ഇവർ നേരത്തെ പലവട്ടം കളക്ടറേറ്റിൽ പരാതികൾ നൽകിയിരുന്നെങ്കിലും അതിൽ പരിഹാരമുണ്ടായില്ലെന്നും പോലീസ് കൃത്യമായി ഇടപെടുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
വാർത്താസമ്മേളനം തടസ്സപ്പെട്ടതോടെ മന്ത്രി ഡോ. ആർ. ബിന്ദു നേരിട്ട് യുവതിയോട് സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, തന്റെ പരാതികൾ കാലങ്ങളായി ആരും കേൾക്കുന്നില്ലെന്ന് പറഞ്ഞ് അവർ പ്രതിഷേധം തുടരുകയായിരുന്നു.
മാധ്യമപ്രവർത്തകരും മന്ത്രിമാരും അഭ്യർഥിച്ചിട്ടും യുവതി മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് വാർത്താസമ്മേളനം തടസപ്പെട്ടു. ഇതോടെ മന്ത്രിമാർ താത്കാലികമായി അവിടെനിന്ന് മാറിനിന്നു. പിന്നീട് സ്ഥലത്തെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥർ യുവതിയെ അവിടെനിന്ന് മാറ്റി. ഇതിനുശേഷമാണ് മന്ത്രിമാർക്ക് വാർത്താസമ്മേളനം തുടരാൻ സാധിച്ചത്.














































