തിരുവനന്തപുര: പൊലീസിനെതിരെ മുദ്രാവാക്യവുമായി മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. ‘പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും.
കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്’…… അങ്ങനെ നീണ്ടു പൊലീസിനെതിരെയുള്ള മുദ്രാവാക്യം വിളി. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയാണ് ആര്‍.ശ്രീലേഖ മഴ അവഗണിച്ച് മുദ്രാവാക്യം മുഴക്കിയത്. നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. പൊലീസ് നടപടി വൈകിയാല്‍ താന്‍ നേരിട്ട് വന്ന് പ്രതിഷേധിക്കുമെന്നും ധര്‍ണയിരിക്കുമെന്നും ശ്രീലേഖ തിരുവനന്തപുരം പൊലീസ് കമ്മിഷണറെയും ഡിജിപിയെയും അറിയിച്ചിരുന്നു.
താന്‍ ഇപ്പോഴും പൊലീസിന്റെ നന്മയില്‍ വിശ്വസിക്കുന്നുവെന്നും അക്രമം തിരഞ്ഞെടുപ്പ് കാലത്തെ പൊലീസിന്റെ അധഃപതനമാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധവും വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തിയത്. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ആര്‍. ശ്രീലേഖ, വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങി പഴയ സഹപ്രവര്‍ത്തകര്‍ക്കെതിരെ തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്.














































