ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തകർത്തെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 243 റൺസിൻറെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 30 പന്തിൽ 57 റൺസെടുത്ത നിതീഷ് റാണയാണ് ഡൽഹിയുടെ ടോപ് സ്കോറർ. സമീർ റിസ്‌വി 28 പന്തിൽ 41 റൺസെടുത്തപ്പോൾ കെ എൽ രാഹുൽ 23 പന്തിൽ 37 റൺസെടുത്തു. 16 പന്തിൽ 27 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ മറ്റൊരു പ്രധാന സ്കോറർ. ഹൈദരാബാദിനായി ഇഷാൻ മലിംഗ നാലോവറിൽ 32 റൺസിന് നാലു വിക്കറ്റടുത്തപ്പോൾ രണ്ടോവർ മാത്രം പന്തെറിഞ്ഞ ഹർഷ് ദുബെ 12 റൺസിന് 3 വിക്കറ്റെടുത്തു. സ്കോർ സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 242-2. ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 195-9. തുടർച്ചയായ മൂന്നാം ജയത്തോടെ ഹൈദരാബാദ് പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നുപ്പോൾ ഡൽഹി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
243 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ പാതും നിസങ്ക(6 പന്തിൽ 8) മടക്കി സൺറൈസേഴ്സ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നിതീഷ് റാണയും കെ എൽ രാഹുലും ചേർന്ന് 45 പന്തിൽ 86 റൺസിൻറെ കൂട്ടുകെട്ടിലൂടെ ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും രാഹുലിനെ മടക്കിയ സാക്കിബ് ഹുസൈൻ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ നിതീഷ് റാണ മടങ്ങി.
പിന്നീടെത്തിയ ഡേവിഡ് മില്ലർ ഇഷാൻ മലിംഗയുടെ പേസിന് മുന്നിൽ ഗോൾഡൻ ഡക്കായതോടെ ഡൽഹി 107-1ൽ നിന്ന് 107-4ലേക്ക് ഡൽഹി കൂപ്പുകുത്തി. പിന്നീട് സമീർ റിസ്‌വി (28 പന്തിൽ 41) നടത്തിയ ചെറുത്തുനിൽപിന് ഡൽഹിയുടെ തോൽവി ഭാരം കുറക്കാനെ കഴിഞ്ഞുള്ളു. ട്രിസ്റ്റൻ സ്റ്റബ്സും (16 പന്തും 27) റിസ്‌വിയും ചേർന്ന് പ്രതീക്ഷ നൽകിയെങ്കിലും സ്റ്റബ്സിനെ വീഴ്ത്തിയ മലിംഗ വീണ്ടും പ്രഹരമേൽപ്പിച്ചു.
അതേസമയം നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി അഭിഷേക് ശർമ നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് ആതിഥേയർക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. 47 പന്തിൽ സെഞ്ചുറി അടിച്ച അഭിഷേക് ശർമ 68 പന്തിൽ 135 റൺസുമായി പുറത്താകാതെ നിന്നു. 10 ഫോറും 10 സിക്സും അടങ്ങുന്നതാണ് അഭിഷേകിൻറെ ഇന്നിംഗ്സ്. 26 പന്തിൽ 37 റൺസടിച്ച ഹെഡിനെ വീഴ്ത്തിയ ക്യാപ്റ്റൻ അക്സർ പട്ടേൽ ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ ഇഷാൻ കിഷനും പിന്നീട് ഹെൻറിച്ച് ക്ലാസനും അഭിഷേകിനൊപ്പം തകർത്തടിച്ചതോടെ ഹൈദരാബാദ് ഡൽഹിക്കു മുന്നിൽ പടുകൂറ്റൻ റൺ മല തന്നെയാണ് ഉയർത്തിയത്.













































