തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ചട്ടങ്ങൾ ലംഘിച്ച് സബ്‌സിഡിയിതര പഞ്ചസാര കൈമാറിയ സംഭവത്തിൽ ഏഴ് സപ്ലൈകോ ജീവനക്കാരെക്കൂടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
പെരുമ്പാവൂർ സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ സജീവ് പോൾ, അറക്കപ്പടി മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് അഞ്ജു വിജയൻ, തുറവൂർ മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് സന്ധ്യ എ.എസ്, പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം.ആർ, പോഞ്ഞാശ്ശേരി സ്റ്റോറിലെ സൗമിനി എസ്, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലം നഗരം മാവേലി സ്റ്റോറിലെ ബേസിൽ ചെറിയാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യവകുപ്പ് മന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു.
സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയെന്നാണ് കണ്ടെത്തൽ. കീർത്തി നിർമ്മൽ എന്ന സ്വകാര്യ കമ്പനിക്ക് സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാർഡ് പദ്ധതി പ്രകാരം ആയിരം രൂപയുടെ 1000 കൂപ്പണുകൾ നൽകിയിരുന്നു.
ഈ കൂപ്പണുകളുടെ മുഴുവൻ തുകയ്ക്കും സബ്സിഡിയിതര പഞ്ചസാര മാത്രം നൽകുന്നതിനായി മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രൻ ഡിപ്പോയിൽ നിന്നും തുറവൂർ, പാലിശ്ശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശ്ശേരി, അറക്കപ്പടി എന്നീ സപ്ലൈകോ സ്റ്റോറുകളിലേക്ക് പഞ്ചസാര ഇഷ്യൂ ചെയ്യുകയും തുടർന്ന് ഈ ഔട്ട്ലെറ്റുകളിൽ നിന്ന് പഞ്ചസാര ബില്ലടിക്കുകയും ചെയ്തു. എന്നാൽ ബില്ലടിക്കുന്നതിന് ആവശ്യമായ പഞ്ചസാര മേൽപ്പറഞ്ഞ ഔട്ട്ലെറ്റുകളിലേക്ക് കൈമാറിയതായി രേഖകളിൽ മാത്രമാണ് കാണിച്ചത്. യഥാർത്ഥ സ്റ്റോക്ക് ഡിപ്പോയിൽ സൂക്ഷിച്ചതായും സപ്ലൈകോ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
മാത്രമല്ല വിപണിയിൽ പഞ്ചസാര വിലയിൽ വലിയ വ്യത്യാസമുള്ള സമയത്താണ് സ്വകാര്യ കമ്പനിക്ക് വൻതോതിൽ പഞ്ചസാര വിൽപ്പന നടത്തിയതും സ്റ്റോക്ക് ക്രമവിരുദ്ധമായി കൈകാര്യം ചെയ്തതെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് പെരുമ്പാവൂർ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയൻ രജീഷ് രവീന്ദ്രനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇത്തരം ക്രമക്കേടുകൾ വച്ചുപൊറുപ്പിക്കില്ലെന്നും ആരായാലും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.






