ദുബായ്: വനിതാ ടി20 ഏഷ്യാ കപ്പ് 2026-ൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ വിജയിച്ച് സെമിഫൈനൽ ഉറപ്പാക്കിയതിന് പിന്നാലെ പാക്കിസ്ഥാൻ പരിശീലകൻ വഹാബ് റിയാസിനോട് ആരാധകൻ നടത്തിയ പ്രത്യേക അഭ്യർഥന വൈറലാവുന്നു. മത്സരശേഷം ആരാധകരുമായി സംവദിക്കുകയും പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്യുന്നതിനിടെയാണ് രസകരമായ ആവശ്യം വഹാബിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വഹാബ് റിയാസ് പരസ്യ ബോർഡുകൾക്ക് സമീപത്തുകൂടി നടക്കുന്നതിനിടെയാണ് ഒരു ആരാധകൻ പാക്കിസ്ഥാൻ പരിശീലകനോട് ഇന്ത്യയെ തോൽപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഏഷ്യാ കപ്പ് ട്രോഫി പോലും വേണ്ടെന്നും ഇന്ത്യയെ തോൽപ്പിക്കണമെന്നുമായിരുന്നു ആരാധകന്റെ ആവശ്യം.
“വഹാബ് സാഹബ്, ഇന്ത്യക്കെതിരെ ശ്രമിക്കണം. ഇന്ത്യയെ നമ്മൾ തോൽപ്പിക്കണം. ഞങ്ങൾക്ക് ഏഷ്യാ കപ്പ് ട്രോഫി വേണ്ട, ഇന്ത്യയെ തോൽപ്പിക്കണം. ഇന്ത്യയെ വെറുതെ വിടരുത്,” എന്നായിരുന്നു ആരാധകൻ പറയുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
നിലവിലെ മത്സരക്രമം അനുസരിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഇനി ഫൈനലിൽ മാത്രമേ നേർക്കുനേർ വരാൻ സാധ്യതയുള്ളൂ. സെമിഫൈനലിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ നേരിടും. മറുവശത്ത് ഇന്ത്യ ബംഗ്ലാദേശിനെയോ യുഎഇയെയോ നേരിടും.
ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായി തകർത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ വെറും 55 റൺസിന് പുറത്താക്കിയ ഇന്ത്യ, 8.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ടൂർണമെന്റിലെ കിരീട ഫേവറിറ്റുകളെന്ന നിലയിൽ ഇന്ത്യയുടെ ശക്തിയും ഈ മത്സരത്തിൽ വ്യക്തമായിരുന്നു.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന വിവാദത്തിലാകുകയും ചെയ്തിരുന്നു. മത്സരശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഫാത്തിമയ്ക്ക് മത്സര പ്രതിഫലത്തിന്റെ 10 ശതമാനം പിഴ ചുമത്തുകയും ഒരു ഡീ മെറിറ്റ് പോയിന്റ് നൽകുകയും ചെയ്തു.
ഐസിസി ചട്ടത്തിലെ ലെവൽ 1 ലംഘനമാണ് ഫാത്തിമ നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. ബാറ്ററെ പുറത്താക്കിയതിന് പിന്നാലെ അദ്ദേഹത്തെയോ, അവരെയോ അപമാനിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഭാഷ, പ്രവർത്തി, ആംഗ്യം എന്നിവ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടമാണ് ലംഘിച്ചതെന്ന് ഐസിസി വ്യക്തമാക്കി.
ഇന്ത്യയുടെ 56 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ രണ്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. ഓപ്പണർ ഷഫാലി വർമ്മയെ ക്യാച്ച് ആൻഡ് ബൗൾഡിലൂടെ പുറത്താക്കിയ ഫാത്തിമ സന തുടർന്ന് പവലിയനിലേക്ക് കൈചൂണ്ടിയതാണ് നടപടിക്ക് കാരണമായത്.
അതേസമയം ഫൈനലിൽ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം നടക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ നേടിയ ആധികാരിക വിജയത്തിന് മറുപടി നൽകാൻ പാക്കിസ്ഥാന് അവസരം ലഭിക്കുമോയെന്നതും ടൂർണമെന്റിന്റെ ആവേശം വർധിപ്പിക്കുന്ന ഘടകമാണ്.
A fan to Wahab Riaz: “We don’t need the trophy, we just want to beat India!” 😂🇵🇰🔥 pic.twitter.com/kJrEB7hCRr
— Ahtasham Riaz (@ahtashamriaz22) September 7, 2026






