മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി പോയ കാമറൂൺ പതാകയുള്ള ചരക്കുകപ്പൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. ‘എം.വി. ലുതുഫ്’ എന്ന കപ്പലിലെ പത്തംഗ ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയൻ ഔദ്യോഗിക വക്താവ് അറിയിച്ചു.
പോളാർ മൂവ്‌മെന്റ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ആയുധങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ, സാറ്റലൈറ്റ് സംവിധാനങ്ങൾ എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് ഏകദേശം മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തതെന്നാണ് വിവരം. തുടർന്ന് കപ്പൽ പൻഡ്ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് കൊണ്ടുപോയി.
കപ്പലിലുള്ള പത്തുപേരിൽ ആറ് ഇന്ത്യക്കാർക്ക് പുറമെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാരുമാണുള്ളത്. കഴിഞ്ഞ ഏപ്രിൽ 26ന് ‘എം.വി. സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ടവരാണ് പുതിയ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കപ്പൽ റാഞ്ചിയ വിവരം പുറത്തുവന്നതോടെ തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. തുർക്കിയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ, ചൊവ്വാഴ്ച ചെറിയ ബോട്ടിൽ രണ്ട് പേർ കപ്പലിനടുത്തെത്തിയതായും വിവരമുണ്ട്. കടൽക്കൊള്ളക്കാർക്കിടയിൽ സാധാരണയായി ഉപയോഗിക്കുന്ന ഉത്തേജകവസ്തുവായ ‘ഖാത്’ ഇവർ കപ്പലിലുള്ളവർക്ക് എത്തിച്ചുനൽകിയെന്നാണ് വിവരം. എന്നാൽ ബോട്ട് തിരികെ കരയിലെത്തിയതിന് പിന്നാലെ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടു.
വ്യോമാക്രമണം നടത്തിയത് ആരാണെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. കൊല്ലപ്പെട്ടവർ കപ്പൽ റാഞ്ചിയ സംഘവുമായി ബന്ധപ്പെട്ടവരാണോയെന്ന കാര്യത്തിലും വ്യക്തതയില്ല.
സംഭവത്തിൽ തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കപ്പലിലെ ആറ് ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സംഭവത്തെ തുടർന്ന് സോമാലിയൻ തീരത്തെ സുരക്ഷാ സ്ഥിതിയും കടൽഗതാഗതവും കൂടുതൽ നിരീക്ഷണത്തിലായിരിക്കുകയാണ്.






