പാലക്കാട്: കോഴിപ്പാറയിൽ പകൽസമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. സ്ഥിരം കുറ്റവാളിയായ 23കാരൻ റോബിനെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. മോഷണം നടത്തിയ ശേഷം വീട്ടിലെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചതും അന്വേഷണത്തിൽ നിർണായക തെളിവായി.
കഴിഞ്ഞ ദിവസമാണ് സംഭവം. കയ്യിൽ ഗ്ലൗസും മുഖത്ത് മാസ്‌കും ധരിച്ചെത്തിയ പ്രതി, 70 വയസ്സുകാരിയായ കമലാ മേരിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് വയോധികയുടെ വായ പൊത്തിപ്പിടിച്ച് കഴുത്തിൽ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്നു.
ഭയന്നുപോയ വയോധികയെ ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് വയോധികയ്ക്ക് വലിയ മാനസികാഘാതമുണ്ടായതായും പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. രണ്ട് പോക്സോ കേസുകളിൽ പ്രതിയായ റോബിൻ, രണ്ടാമത്തെ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വെറും 15 ദിവസത്തിനകം തന്നെ പുതിയ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പശ്ചിമേഷ്യയിലെ സ്ഥിതി വഷളായി; ഇറാനെതിരെ ഇസ്രയേലിന്റെ വൻ തിരിച്ചടി; ശക്തമായ വ്യോമാക്രമണം


















































