അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയിൽ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. കാണിക്ക വഞ്ചികളിലെ പണവും സ്വർണ്ണാഭരണങ്ങളും എണ്ണുന്നതിനുള്ള ചുമതലയുണ്ടായിരുന്ന എട്ട് ജീവനക്കാർ ചേർന്ന് ഏകദേശം 7.75 കോടി രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണ നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിനാഷ് ശുക്ല, അനുകല്പ് മിശ്ര, ലവകുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ എന്ന ടിനു യാദവ് എന്നിവരാണ് അറസ്റ്റിലായത്.
അന്വേഷണത്തിൽ പ്രതികളുടെ ആസ്തിയിൽ അസാധാരണമായ വർധനവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ചിലരുടെ സ്വത്തുക്കൾ നൂറിരട്ടിയോളം വർധിച്ചതായി അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആഡംബര ഹോട്ടലുകൾ, ഭൂമികൾ, റെസിഡൻഷ്യൽ പ്ലോട്ടുകൾ എന്നിവ ഇവർ വാങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്.
കാണിക്ക എണ്ണുന്നതിനിടെ പണം മറിച്ചെടുക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞതായാണ് റിപ്പോർട്ട്. അന്വേഷണം ആരംഭിച്ചതറിഞ്ഞ് ചില പ്രതികൾ മൊബൈൽ ഫോണുകളിൽ നിന്നുള്ള ഡാറ്റ ഡിലീറ്റ് ചെയ്തതായും, ചിലർ ഫോണുകൾ ഫോർമാറ്റ് ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. എങ്കിലും സിസിടിവി ദൃശ്യങ്ങളും മറ്റ് ഇലക്ട്രോണിക് തെളിവുകളും കേസിൽ നിർണായകമായി മാറിയിട്ടുണ്ട്.
തട്ടിയെടുത്ത തുകയിൽ നിലവിൽ ഏകദേശം 80 ലക്ഷം രൂപ മാത്രമാണ് പോലീസ് വീണ്ടെടുത്തിട്ടുള്ളത്. ബാക്കി പണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെയും ബന്ധപ്പെട്ട ജീവനക്കാരുടെ പങ്കിനെയും കുറിച്ചും അധികൃതർ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്

















































