ബെംഗളൂരു: കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് പ്രണയിച്ച് വിവാഹം കഴിച്ച 21കാരിയെ ബന്ധുക്കൾ അയച്ച ആളുകൾ ബെംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. യുവതിയെ കാറിൽ കടത്തിക്കൊണ്ടുപോകുന്നതിനിടെ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടായി. അതിൽ ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം.
രാജസ്ഥാനിലെ മെൽവാസ് സ്വദേശികളായ ഗുനാരാമുവിന്റെ മകൾ പൂജയെയാണ് തട്ടിക്കൊണ്ടുപോയത്. 23കാരനായ കാമുകൻ ഓം പ്രകാശിനെ ഏകദേശം ഒൻപത് മാസം മുമ്പാണ് പൂജ വിവാഹം കഴിച്ചത്. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് വിവാഹശേഷം ഇരുവരും ബെംഗളൂരുവിലേക്ക് മാറുകയായിരുന്നു. അഗ്രഹാര ദാസറഹള്ളിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
വിവാഹത്തിൽ പൂജയുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നുവെന്നും തുടർന്ന് യുവതിയെ ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തിക്കുന്നതിനായി രാജസ്ഥാനിൽ നിന്ന് നാല് പേരെ കുടുംബം അയച്ചതായും പോലീസ് പറഞ്ഞു. ഇവർ പൂജ താമസിച്ചിരുന്ന വീട്ടിലെത്തി യുവതിയെ ബലമായി കാറിൽ കയറ്റി കടന്നുകളയുകയായിരുന്നു എന്നാണ് ആരോപണം.
RJ 22 CC 9691 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഹ്യുണ്ടായ് വെന്യു കാറിലാണ് സംഘം പൂജയെ കൊണ്ടുപോയത്. രക്ഷപ്പെടുന്നതിനിടെ കാർ അമിത വേഗത്തിലും അശ്രദ്ധമായും ഓടിച്ചതോടെ നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. മൂന്ന് മുതൽ നാല് വരെ ഇരുചക്രവാഹനങ്ങളിൽ കാർ ഇടിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടത്തിന് പിന്നാലെ റോഡിലുണ്ടായിരുന്നവർ കാർ പിന്തുടർന്ന് തടഞ്ഞു. തുടർന്ന് കാറിലുണ്ടായിരുന്ന പ്രതികളെ പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജസ്ഥാൻ സ്വദേശികളായ രാകേഷ് (31), കരൺ (25), അയാൻ (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന സദ്ദാം ആണ് കാർ ഓടിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന എസ്‌യുവിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം പൂജ കാറിനുള്ളിൽ നിലവിളിക്കാൻ തുടങ്ങിയതോടെ സദ്ദാം പരിഭ്രാന്തനായതാകാം അപകടകരമായ രീതിയിൽ വാഹനം ഓടിക്കാൻ കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് നിരവധി വാഹനങ്ങളിൽ ഇടിച്ചതെന്നും പൊലീസ് പറഞ്ഞു.
അപകടത്തിൽ പൃഥ്വിരാജ് (12), യശിക (9), അമുൽ (35), മണി (64), ജയലക്ഷ്മി (57), സന്തോഷ് (33) എന്നിവരാണ് പരുക്കേറ്റത്. ജയലക്ഷ്മിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം, പൂജയെ തട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിൽ യുവതിയുടെ പിതൃസഹോദരിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ സദ്ദാമിനെ ബന്ധപ്പെട്ട് പൂജയെ തട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ സംശയം. വിവാഹശേഷവും പൂജ തന്റെ പിതൃസഹോദരിയുമായി ബന്ധം പുലർത്തിയിരുന്നു. ഇവർ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് പൂജ ബെംഗളൂരുവിൽ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബത്തിന് ലഭിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിക്കൊണ്ടുപോകാൻ എത്തിയവർ പൂജയുടെ വീട് കണ്ടെത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം.




