കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ആദ്യം ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ പരിഗണനയെന്ന് സർക്കാർ വ്യക്തമാക്കി. കേരളം ആരോഗ്യരംഗത്ത് മികച്ച നിലയിലായതിനാൽ എയിംസ് അനുവദിക്കുന്നതിൽ മുൻഗണന നൽകാനാകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയത്.
എന്നാൽ കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. അങ്ങനെയെങ്കിൽ ഡൽഹിയിൽ എങ്ങനെയാണ് എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചു.
കേരളം ഒരു എയിംസ് അർഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണെന്ന കാരണത്താൽ കേരളത്തിന് എയിംസ് ആവശ്യമില്ലെന്ന് അർഥമാക്കരുതെന്നും കോടതി വ്യക്തമാക്കി. എല്ലാവർക്കും മികച്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയില്ലെന്നും ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി. ഹർജി ആറ് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.




