തൃശൂർ: വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്താൻ ആവശ്യപ്പെട്ട വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി ബൈക്കിൽ പാഞ്ഞ യുവാവ് അറസ്റ്റിൽ. വലപ്പാട് പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസൻ (38) ആണ് അറസ്റ്റിലായത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് വലപ്പാട് പോലീസ് നടപടി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 8.15-ഓടെ എടമുട്ടം–കഴിമ്പ്രം റോഡിലായിരുന്നു സംഭവം. വലപ്പാട് എസ്.ഐ. മൗഷ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് കിഴക്കുഭാഗത്തുനിന്ന് അമിതവേഗത്തിലും അശ്രദ്ധമായും ബൈക്കിൽ എത്തിയ കൈലാസനോട് വാഹനം നിർത്താൻ എസ്.ഐ. കൈകാണിച്ചത്.
എന്നാൽ, വാഹനം നിർത്താതെ ബലംപ്രയോഗിച്ച് വനിതാ എസ്.ഐയുടെ കൈ മനഃപൂർവം തട്ടിമാറ്റിയ ശേഷം ഇയാൾ ബൈക്കിൽ അതിവേഗം കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൈലാസനെ പോലീസ് പിടികൂടിയത്.
വലപ്പാട് പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസുകളും ഒരു അടിപിടിക്കേസും ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൈലാസനെന്ന് പോലീസ് അറിയിച്ചു. വലപ്പാട് സി.ഐ. പത്മരാജൻ, ജി.എ.എസ്.ഐ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.




