മുംബൈ: തെരുവുനായ വിഷയത്തിൽ പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ല. ഒടുവിൽ, അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേറിട്ട പ്രതിഷേധവുമായി രാഷ്ട്രീയ നേതാവ്. തെരുവുനായ്ക്കളെ ഓഫിസിനുള്ളിലേക്ക് തുറന്നുവിട്ടാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെ പ്രതിഷേധിച്ചത്. നാസിക് നിഫാഡ് നഗർ പഞ്ചായത്ത് ഓഫിസിലായിരുന്നു പ്രതിഷേധം.
തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രദേശവാസികളും പ്രവർത്തകരും ചീഫ് ഓഫിസർ ധീരജ് ഭാമ്രെയുടെ മുറിയിലേക്ക് ഇരച്ചുകയറിയത്. തുടർന്ന് നായ്ക്കളെ ഓഫിസിലേക്ക് തുറന്നു വിടുകയായിരുന്നു. നിഫാഡിലും സമീപ ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ കൂടുന്നത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും ഭയം കാരണം പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
സ്കൂളിൽ പോകുന്ന കുട്ടികൾ അടക്കം തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്. സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനാണ് നായ്ക്കളെ തുറന്നുവിട്ടതെന്നും പ്രതിഷേധക്കാർ പറഞ്ഞു.




