ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി.) ഗ്യാനേഷ് കുമാറിനെതിരെ ചൊവ്വാഴ്ച പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടെ അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിൽ പ്രവേശിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള എം.പിമാർക്കെതിരെ ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് നേതാക്കൾ അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിലേക്ക് പ്രവേശിച്ചെന്നാണ് പരാതിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ ജനപ്രതിനിധികൾ പാർലമെന്റിൽനിന്ന് നിർവാചൻ സദനിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി. ഇ.സി.ഐ. ആസ്ഥാനത്തിന് സമീപം മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് 250-ലേറെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു.
രാവിലെ ആരംഭിച്ച പ്രതിഷേധം പോലീസ് തടഞ്ഞതോടെ പിന്നീട് ആകാശവാണി ഭവന് മുന്നിൽ കുത്തിയിരിപ്പ് സമരമായി മാറി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ആൽമരത്തിന് കീഴിൽ മണിക്കൂറുകളോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏകദേശം ഒമ്പത് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ രാത്രി 7.45ഓടെയാണ് പോലീസ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
Related Post
രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും പോലീസ് കൈയേറ്റം ചെയ്യുകയും ബസിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത നേതാക്കളെ കിംഗ്സ്‌വേ ക്യാമ്പിലേക്ക് മാറ്റി. രാത്രി 10.15ഓടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത മുഴുവൻ നേതാക്കളെയും പിന്നീട് പോലീസ് വിട്ടയച്ചു.




