തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കേരളം ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ വീണ്ടും കത്തയച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. രണ്ട് ദിവസം മുമ്പ് കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു.
കേരളം പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിട്ടതാണെന്നും അതിനാൽ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്രം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി തീരുമാനമെടുത്താൽ മാത്രമേ തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചൂണ്ടിക്കാട്ടിയതായി മന്ത്രി പറഞ്ഞു.
കത്തിന് എന്ത് മറുപടി നൽകണമെന്നത് യു.ഡി.എഫ് നേതൃത്വവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം അയക്കുന്ന രണ്ടാമത്തെ കത്താണിത്.
അതേസമയം, പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജൻഡ സംസ്ഥാനത്ത് നടപ്പാക്കാനുള്ള പരോക്ഷ ശ്രമമാണ് പദ്ധതിയെന്നായിരുന്നു മാത്യു കുഴൽനാടൻ, പി.എം. നിയാസ്, എ.എ. ഷുക്കൂർ തുടങ്ങിയവരുടെ വിമർശനം.
മുൻ സർക്കാർ പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സ്കൂളുകളും പാഠ്യപദ്ധതിയും തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിൽനിന്നുള്ള മറ്റ് ഫണ്ടുകൾ തടയുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് തുടർനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി






