ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ യുവജനങ്ങളുടെ ഭാവിയും ക്ഷേമവും സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ വേഗത്തിൽ കർശനമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ്-ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രതികരിച്ച പ്രധാനമന്ത്രി, “യുവജനങ്ങളുടെ ഭാവിയേക്കാൾ പ്രധാനപ്പെട്ടത് ഒന്നുമില്ല. പേപ്പർ ലീക്കുമായി ബന്ധപ്പെട്ട കേസുകളിൽ വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ്-ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഉടൻ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന തുടർച്ചയായ നടപടികളുടെ ഭാഗമാണ് ഇത്. യുവജനങ്ങളുടെ ഭാവിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഒരിക്കലും വെറുതെ വിടില്ല,” എന്ന് വ്യക്തമാക്കി. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചേ മതിയാവു എന്ന് സിജെപി മോദിക്ക് മറുപടി നൽകി.
അതേപോലെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, യുവജനങ്ങളുടെ ഭാവിയുമായി ആരും കളിക്കാതിരിക്കാനായി സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായി അറിയിച്ചു.
ഭാവിയിൽ ഇത്തരം ചോദ്യപേപ്പർ ചോർച്ചകൾ ആവർത്തിക്കാതിരിക്കാനായി കേന്ദ്രവും സംസ്ഥാനങ്ങളും പാർട്ടി രാഷ്ട്രീയത്തെ മറികടന്ന് ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നും ഇത് ദേശീയ താൽപര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വിദഗ്ധ അഭിഭാഷകരെ ഏർപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്തതും വിദ്യാർത്ഥികൾക്ക് ഉണ്ടായ ആഘാതം കുറയ്ക്കാൻ പുനഃപരീക്ഷ വേഗത്തിൽ നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, പരീക്ഷയിലെ ക്രമക്കേടുകളും വിദ്യാഭ്യാസ സംവിധാനത്തിലെ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉയർത്തുന്നത്. എന്തു സംഭവിച്ചാലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നു തന്നെയാണ് പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത സിജെപിയുടേയും ആവശ്യം.
പ്രക്ഷോഭത്തിനിടെ 26 ദിവസമായി നിരാഹാര സമരം തുടരുന്ന കാലാവസ്ഥ പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് ജന്തർ മന്തറിൽ നിന്ന് മാറ്റി സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് സുപ്രീംകോടതിയുടെ നിർദേശപ്രകാരം അദ്ദേഹത്തെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റി.


















































