കൊല്ലം: കൊല്ലത്ത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പിണറായിക്കും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം. സംസ്ഥാന നേതാക്കൾ അടക്കം പങ്കെടുത്ത കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലാണ് പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം ഉയർന്നത്. പിണറായി വിജയൻ സ്തുതിപാടകരുടെ പിടിയിലാണ്. വ്യക്തിപൂജക്ക് സമാനമായ തിരുവാതിര പോലും ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി എത്തി. കോടിയേരി ബാലകൃഷ്ണൻ ഭംഗിയായി നയിച്ച പാർട്ടിയെ എം.വി ഗോവിന്ദൻ ഭരിച്ച് ഇല്ലാതാക്കി. എല്ലാ ജില്ലകളിലും ഏകാധിപതികളെ പോലെ പ്രവർത്തിക്കുന്ന നേതാക്കൾ ഉണ്ടെന്നും യോഗത്തിൽ വിമർശനം.
ഇതിനിടെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ ഭൂരിപക്ഷ തീരുമാന പ്രകാരം പിബി അനുമതി നൽകിയെന്ന് നേതൃത്വം സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തെ അറിയിച്ചു. എന്നാൽ പിണറായി പ്രതിപക്ഷ നേതാവായതിനെ കേന്ദ്ര കമ്മിറ്റി യോഗത്തിലും ഒരു വിഭാഗം എതിർത്തേക്കും. കേരളത്തിലെ പരാജയം ഞെട്ടിക്കുന്നതാണെന്നും തെറ്റു തിരുത്തൽ ഗൗരവത്തോടെ വേണമെന്നുമുള്ള പിബി വിലയിരുത്തലും കേന്ദ്ര കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണം ഇല്ലാതിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന റിപ്പോർട്ടാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയിൽ വച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം വലിയതോതിൽ പ്രകടമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ മാറ്റം വേണമെന്ന ജനവികാരം മനസിലാക്കാനായില്ല. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് പ്രചാരണം ചെറുക്കാനായില്ല. സംസ്ഥാനത്തെ സംഘടന ദൗർബല്യം പരിഗണിക്കാൻ വിശാല കൂടിയാലോചന വേണം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയും സിപിഎം വിട്ടവരുടെ വിജയവും ലാഘവത്തോടെ കാണാനാകില്ലെന്നും വിലയിരുത്തൽ. സംസ്ഥാനത്ത് താഴേതട്ടു മുതൽ പാർട്ടി അണികളുടെ അഭിപ്രായം ശേഖരിക്കാൻ നടപടി തുടങ്ങിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു.
















































