കോയമ്പത്തൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ വീടിനുനേരെ പെട്രോൾ ബോംബ് ആക്രമണം. കാർത്തിക് എന്ന മാരിയപ്പനും കൂട്ടാളികളും ചേർന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളജിൽ പഠിക്കുന്നതിനിടെയാണ് യുവതി കാർത്തിക്കുമായി പരിചയത്തിലാകുന്നത്.
എന്നാൽ, ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് മനസിലാക്കിയ യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതിനുശേഷം കാർത്തിക് യുവതിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം രണ്ട് ബൈക്കുകളിലായി എത്തിയ കാർത്തിക്കും സംഘവും യുവതിയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടിനു പുറത്തുനിന്ന യുവതിയുടെ പിതാവിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് ഇവർ പെട്രോൾ നിറച്ച കുപ്പികൾ വീടിനുള്ളിലേക്ക് എറിഞ്ഞത്.
ആക്രമണത്തിൽ വീടിന്റെ പോർട്ടിക്കോയിൽ ഉണ്ടായിരുന്ന ഷൂ റാക്കും മറ്റ് ഗൃഹോപകരണങ്ങളും കത്തിനശിച്ചു. മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന്റെ മുൻഭാഗത്തും തീപിടിച്ചു. വീട്ടിലുള്ളവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.
യുവതിയുടെ പിതാവിന്റെ പരാതിയിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.



















































