തിരുവനന്തപുരം: കേരള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പുമായുണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ പ്രതികരണവുമായി കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായ എ.എ റഹീം പറഞ്ഞത് തന്നെയാണ് തനിക്കും എസ്.എഫ്.ഐക്കാരോട് പറയാനുള്ളതെന്ന് രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘എസ്.എഫ്.ഐക്കാരോടാണ്, ആ റഹീം പറഞ്ഞത് തന്നെ പറയാൻ ഒള്ളു, അടങ്ങി ഇരിക്കണം. നന്നായി രാഷ്ട്രീയം പറയുക, നന്നായി സംവദിക്കുക, നന്നായി പ്രതികരിക്കുക, നന്നായി പ്രതിഷേധിക്കുക. അല്ലാതെ നിയമം കയ്യിൽ എടുത്ത് പണ്ട് വിജയനുള്ള കാലത്തെ ഗുണ്ടായിസവുമായി ഇറങ്ങിയാൽ അടക്കി ഇരുത്താൻ ഇവിടെ ഒരു സർക്കാറുണ്ട്, ജനങ്ങളുടെ സർക്കാർ…അടങ്ങി ഇരിക്കണം…’ -രാഹുൽ പറഞ്ഞു.
എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഇന്നലെ രാത്രി തിരുവനന്തപുരം നഗരമധ്യത്തിലെ നടുറോഡിൽ ഏറ്റുമുട്ടിയിരുന്നു. വിജയഹാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്തുണ്ടായ തർക്കങ്ങളാണ് രാത്രി പത്തുമണിയോടെ നഗരവീഥിയിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.

















































