റാന്നി ∙ അർബുദബാധിതനായ അച്ഛനും മകനും സഞ്ചരിച്ച കാറിനു നേരെ പട്ടാപ്പകൽ ഒറ്റയാന്റെ ആക്രമണം. കാർ കുത്തിമറിക്കാൻ ശ്രമിച്ച ആന വാഹനം ഏകദേശം 100 മീറ്ററോളം തള്ളി നീക്കി. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
കുമ്പളത്താമൺ മേലേത്ത് ജോൺ എം. ജോർജും മകൻ ലിജിൻ ജോണും സഞ്ചരിച്ച കാറിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30ഓടെ വടശേരിക്കര മനോരമ മുക്ക്–കുമ്പളത്താമൺ റോഡിലായിരുന്നു സംഭവം. വടശേരിക്കരയിൽനിന്ന് മരുന്നുകൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ലിജിനായിരുന്നു കാർ ഓടിച്ചിരുന്നത്.
വലിയ വളവ് തിരിഞ്ഞെത്തിയപ്പോഴാണ് റോഡിന്റെ വലതുവശത്തെ റബർ തോട്ടത്തിൽനിന്ന് ഒറ്റയാൻ റോഡിലേക്കിറങ്ങിവന്നത്. ഉടൻ ലിജിൻ ബ്രേക്ക് ചവിട്ടി കാർ നിർത്തി. പിന്നാലെ അക്രമാസക്തനായ ആന കാറിനുനേരെ പാഞ്ഞെത്തി. വാഹനം കുത്തിമറിക്കാൻ ശ്രമിച്ച ആന കാർ ചെറുതായി ഉയർത്തുകയും ഏകദേശം 100 മീറ്ററോളം നിരക്കി നീക്കുകയും ചെയ്തു.
ആനയുടെ ആക്രമണത്തിനിടെ ലിജിൻ തുടർച്ചയായി ഹോൺ മുഴക്കി. ഇതോടെ ആന കാർ ഉപേക്ഷിച്ച് ഇടതുവശത്തുള്ള കല്ലാറിന്റെ തീരത്തേക്ക് ഇറങ്ങിപ്പോയി. ഒരു മീറ്റർ കൂടി കാർ തള്ളി നീക്കിയിരുന്നെങ്കിൽ വാഹനം കുഴിയിലേക്ക് പതിക്കുമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ആക്രമണത്തിൽ കാറിന്റെ ഡ്രൈവർ സീറ്റിനോട് ചേർന്ന വാതിലും ചില്ലും തകർന്നു.
“നടുക്കം ഇനിയും മാറിയിട്ടില്ല. എല്ലാം നടന്നത് ഏതാനും സെക്കൻഡുകൾക്കുള്ളിലാണ്. വളവിൽ കാറും കാട്ടാനയും ഒരുമിച്ചെത്തി. കാർ നിർത്തിയതോടെ ആക്രമണം തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാകാത്ത നിമിഷങ്ങളായിരുന്നു. അതിനോടകം ആന പോയി. സംയമനം കൈവിടാതെ വാഹനത്തിനുള്ളിൽ തന്നെ ഇരുന്നതുകൊണ്ടാണ് വലിയ അപകടമുണ്ടാകാതിരുന്നത്. ഇവിടെ സ്ഥിരമായി കാട്ടാനകൾ ഇറങ്ങാറുണ്ട്. എന്നാൽ പട്ടാപ്പകൽ ഇത്തരത്തിൽ മുന്നിൽപ്പെടുമെന്ന് കരുതിയില്ല. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണ്,” ജോൺ എം. ജോർജും ലിജിൻ ജോണും പറഞ്ഞു.
സംഭവമറിഞ്ഞ് വടശേരിക്കര പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും വനപാലകരും പൊലീസും സ്ഥലത്തെത്തി.






