പാലാ: പാലാ നഗരസഭയിൽ കുടുംബ ഭരണത്തിന്റെ പേരിൽ പൊട്ടിത്തെറി. ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരേ വൈസ് ചെയർപേഴ്സണടക്കം ആറ് ഭരണപക്ഷ അംഗങ്ങൾ രംഗത്ത്. ചെയർപേഴ്സണിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആറ് ഭരണപക്ഷ കൗൺസിലർമാർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി.
നിലവിൽ പുളിക്കകണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത്. എന്നാലിപ്പോൾ ഭരണം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുഡിഎഫിന്റെ കൗൺസിലർമാരായി നിൽക്കുന്ന സമയത്തുപോലും തങ്ങൾക്ക് യാതൊരുവിധ റോളും നഗരസഭയ്ക്കകത്ത് ലഭിക്കുന്നില്ലെന്നും പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാർ ഏകാധിപത്യ സ്വഭാവത്തിലാണ് കാര്യങ്ങൾ കൈകാര്യംചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ആറ് അംഗങ്ങൾ കത്ത് നൽകിയിരിക്കുന്നത്.
കത്തിൽ അഞ്ച് കൗൺസിലർമാരും വൈസ് ചെയർപേഴ്സൺ മായ രാഹുലുമാണ് ഒപ്പിട്ടിരിക്കുന്നത്. അതേസമയം, യുഡിഎഫിന്റെ നേതൃത്വത്തിൽ അനുനയ ചർച്ച ആരംഭിച്ചിട്ടുണ്ട്. 14 യുഡിഎഫ് കൗൺസിലർമാരെയും വിളിച്ചുചേർത്ത് ചർച്ച തുടരുകയാണ്. മാണി സി. കാപ്പന്റെ വീട്ടിലാണ് ചർച്ച നടക്കുന്നത്. ഫ്രാൻസിസ് ജോർജ് എംപി ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
















































