കൊച്ചി: ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം തൽക്കാലം വേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ലഹരി മാഫിയയെ നേരിടാൻ പോലീസിന് കഴിയും. നിയമപരമായി നേരിട്ട് മുന്നോട്ടു പോകുമെന്നും കമ്മീഷണർ വ്യക്തമാക്കി. നിലവിൽ കെ. സുധാകരൻ എംപി പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തെ കുറിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
ഗുണ്ടകൾ ആണെന്ന് കരുതി മാറ്റി നിർത്തരുത്, പോലീസ് മാത്രം വിചാരിച്ചാൽ തൂഫാൻ നടത്താനാവില്ല എന്നാണ് യോഗത്തിൻറെ സംഘാടകനായ എകെജി സെൻറർ ആക്രമണക്കേസ്, വീസ തട്ടിപ്പ് കേസുകളിലെ പ്രതി സുഹൈൽ ഷാജഹാൻ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനു മറുപടിയാണ് സിറ്റി പോലീസ് കമ്മിഷണർ നൽകിയത്.
അതേസമയം ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കൾ സുധാകരൻ എംപിയെ കാണാൻ വന്നത്. 20 പേർ ഉണ്ടെന്ന് ആയിരുന്നു അറിയിച്ചത്. എന്നാൽ വന്നപ്പോൾ നൂറോളം പേർ ആയി എന്നും സുഹൈൽ വീഡിയോയിൽ പറയുന്നുണ്ട്. ഇതിനിടെ യോഗം വിളിച്ചതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സർക്കാർ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

















































