ന്യൂഡൽഹി: വെനസ്വേലയിൽ കപ്പലിൽ ജോലി ചെയ്യുന്നതിനിടെ മരിച്ച ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹത ശക്തമാകുന്നു. നാട്ടിലെത്തിച്ച മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശം ഉൾപ്പെടെ പ്രധാന ആന്തരികാവയവങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ 33-കാരൻ രാകേഷ് ചൗഹാന്റെ മരണമാണ് വിവാദമായിരിക്കുന്നത്.
2025 നവംബറിലാണ് രാകേഷ് കപ്പൽ ജീവനക്കാരനായി വെനസ്വേലയിലേക്ക് പോയത്. കഴിഞ്ഞ മേയിൽ കപ്പലിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് കമ്പനി കുടുംബത്തെ അറിയിക്കുകയായിരുന്നു. ആദ്യം വീണ് പരിക്കേറ്റതാണ് മരണകാരണമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഹൃദയാഘാതമാണ് മരണകാരണമെന്ന് കമ്പനി വിശദീകരിച്ചു. മൃതദേഹം ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഒരു മാസത്തിന് ശേഷമാണ് ജൂൺ നാലിന് ദേവരിയയിൽ എത്തിച്ചത്.
മൃതദേഹത്തിന്റെ അവസ്ഥയിൽ സംശയം തോന്നിയതിനെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. അപ്പോഴാണ് ശരീരത്തിൽ പ്രധാന ആന്തരികാവയവങ്ങളൊന്നും ഇല്ലെന്ന വിവരം പുറത്തുവന്നത്. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, പ്ലീഹ, ആമാശയം, കുടലുകൾ, തൈറോയ്ഡ്, ശ്വാസനാളം എന്നിവയെല്ലാം നീക്കം ചെയ്ത നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴുത്ത് മുതൽ വയർവരെ 22 തുന്നലുകളും തലയുടെ പിൻഭാഗത്ത് 21 തുന്നലുകളും കണ്ടെത്തി.
ആന്തരികാവയവങ്ങൾ ഇല്ലാതിരുന്നതിനാൽ മരണകാരണം വീണ്ടും സ്ഥിരീകരിക്കാൻ ഡോക്ടർമാർക്കും സാധിച്ചില്ല. ഇതോടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത കൂടുതൽ ശക്തമായിരിക്കുകയാണ്.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) രംഗത്തെത്തി. വെനസ്വേലൻ അധികൃതരിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടോ മരണകാരണം സംബന്ധിച്ച വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സാധാരണ പോസ്റ്റ്മോർട്ടത്തിനിടെ പരിശോധനയ്ക്കായി ചില ആന്തരികാവയവങ്ങൾ താൽക്കാലികമായി നീക്കം ചെയ്യാറുണ്ടെങ്കിലും, മൃതദേഹത്തിൽ ഒരു പ്രധാന അവയവം പോലും അവശേഷിക്കാത്ത സാഹചര്യം എന്തുകൊണ്ടാണെന്നതിന് കമ്പനിയോ വെനസ്വേലൻ അധികൃതരോ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

















































