തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ മൂന്ന് കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. വനിതാ യാത്രക്കാർക്കായി നൽകുന്ന ‘സീറോ വാല്യു’ ടിക്കറ്റ് പുരുഷ യാത്രക്കാർക്ക് നൽകി പണം കൈപ്പറ്റിയെന്നാണ് ഇവർക്കെതിരായ ആരോപണം.
ബസുകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രിയദർശിനി സർവീസുകളിലെ പരിശോധന കൂടുതൽ കർശനമാക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു.
സ്ത്രീകൾക്ക് നൽകുന്ന സീറോ വാല്യു ടിക്കറ്റിന്റെ തുക സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന സംവിധാനമാണ് നിലവിലുള്ളത്. ഈ സൗകര്യം ദുരുപയോഗം ചെയ്താണ് ചില കണ്ടക്ടർമാർ പുരുഷ യാത്രക്കാർക്ക് സീറോ വാല്യു ടിക്കറ്റ് നൽകി, യാത്രക്കാർ നൽകുന്ന പണം സ്വന്തം കൈവശം വച്ചിരുന്നതെന്നാണ് കണ്ടെത്തൽ.
പല യാത്രക്കാരും ടിക്കറ്റ് പരിശോധിക്കാതെ പണം നൽകുന്നതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്. ടിക്കറ്റിലെ പിഴവ് ശ്രദ്ധയിൽപ്പെട്ട് ചോദ്യം ചെയ്യുന്നവർക്ക് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ് പിന്നീട് ശരിയായ ടിക്കറ്റ് നൽകുന്നതും അന്വേഷണത്തിൽ കണ്ടെത്തിയ രീതികളിലൊന്നാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും സമാന പരാതികൾ കണ്ടെത്തുന്നതിനായി ബസുകളിലെ പരിശോധന ശക്തമാക്കുമെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു.



















































