ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ബിജെപിയിലെ ഭൂരിപക്ഷ നേതാക്കളുടെ നിലപാട്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ സംവിധാനത്തിലെ ഉത്തരവാദികൾക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തോട് ആർ.എസ്.എസ്. നേതൃത്വവും അനുകൂല നിലപാടിലല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ മന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സംഘടനയ്ക്കുള്ളിലെ വിലയിരുത്തൽ.
അതേസമയം, മന്ത്രിയുടെ രാജി സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കേന്ദ്രസർക്കാരുമായി നടക്കുന്ന ഇന്നത്തെ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എൻ.ടി.എ. ഉദ്യോഗസ്ഥരുടെ കൂട്ടരാജി മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും സി.ജെ.പി. വക്താവ് അശുതോഷ് റങ്ക പ്രതികരിച്ചു.
ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുമോ, അതോ നിലവിലെ നിലപാടിൽ ഉറച്ചുനിൽക്കുമോയെന്നതാണ് ഇന്നത്തെ ചർച്ചകളിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

















































