തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ വന്ന വാർത്ത പച്ചക്കള്ളമാണെന്ന് മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വ്യാജവാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സി.എം.ആർ.എല്ലിൽനിന്ന് വീണ വിജയന് സേവനത്തിന് ലഭിച്ച പണം തന്റെ ബാങ്ക് അക്കൗണ്ട് വഴി മറ്റ് ചിലരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് റിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടുതവണ ഫോണിൽ ബന്ധപ്പെട്ട് വിശദീകരണം തേടിയെന്ന വാർത്തയും അദ്ദേഹം തള്ളി.
തന്റെ ചിത്രം ഉൾപ്പെടെ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും റിയാസ് വ്യക്തമാക്കി.
ഇഡി അന്വേഷണം സംബന്ധിച്ച വിഷയങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങളോട് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. അന്വേഷണം തുടരുന്നതിനാലും വിഷയം നിയമപരമായി നേരിടുന്നതിനാലും ദിവസവും പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാർത്തകളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിഷയത്തെ നിയമപരമായി നേരിടാൻ പൂർണ ആത്മവിശ്വാസമുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു. കേസിന് പിന്നിലെ രാഷ്ട്രീയ താൽപര്യങ്ങളെക്കുറിച്ച് പാർട്ടിയും താനും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഹമ്മദ് റിയാസിന്റെ വിശദീകരണം. ആരോപണങ്ങൾ പൂർണമായും നിഷേധിച്ച റിയാസ്, വ്യാജവാർത്തയ്‌ക്കെതിരെ നിയമവഴി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.






