ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി എം.പി കങ്കണ റണാവത്തും യോഗ ഗുരു ബാബ രാംദേവും തമ്മിലുള്ള വാക്‌പോര് കൂടുതൽ ശക്തമാകുന്നു. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ വീഡിയോകൾ കങ്കണ റണാവത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ജെൻ സി വിഭാഗക്കാരെയും വിദ്യാർഥികളെയും ‘ജനറേഷൻ ഗട്ടർ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തിരുന്നു.
ഇതിന് മറുപടിയുമായി കങ്കണയുടെ വിദ്യാഭ്യാസത്തെയും മുൻകാല പ്രവർത്തനങ്ങളെയും ചോദ്യം യോഗ ഗുരു ബാബ രാംദേവ് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കങ്കണ രംഗത്തെത്തിയത്. രാംദേവിന്റെ വിമർശനങ്ങൾക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. ‘ബാബ ജി, എന്റെ യൗവനത്തെയോ ബെഡ്‌റൂമിനെയോ കുറിച്ച് പകൽസ്വപ്നം കാണേണ്ട. അഭ്യൂഹങ്ങളുടെയും ഗോസിപ്പുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഒരാൾക്ക് ഇത്തരം അനുമാനങ്ങളിൽ എത്താൻ കഴിയൂ’ കങ്കണ പറഞ്ഞു. തുടർന്ന്, പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട 2024 ലെ സുപ്രീം കോടതി നടപടികളെയും കങ്കണ ഓർമ്മിപ്പിച്ചു.
‘തെറ്റായതും വഞ്ചനാപരവുമായ അവകാശവാദങ്ങളുടെ പേരിൽ എനിക്ക് സുപ്രീംകോടതിയുടെ ശകാരം കേൾക്കേണ്ടി വന്നിട്ടില്ല’ എന്ന് വ്യക്തമാക്കിയ കങ്കണ, തന്റെ വ്യക്തിത്വത്തെക്കുറിച്ച് ക്ലാസെടുക്കാൻ രാംദേവ് വരേണ്ടതില്ലെന്നും, താൻ യാതൊരുവിധ തട്ടിപ്പുകളിലും ഉൾപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ 2024ൽ ബാബ രാംദേവും പതഞ്ജലി ആയുർവേദ് മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിക്ക് മുന്നിൽ ഹാജരാകേണ്ടി വന്നിരുന്നു. കോടതി ഉത്തരവുകൾ ലംഘിച്ച് രോഗങ്ങൾ ഭേദമാക്കുമെന്ന തരത്തിലുള്ള തെറ്റായ പരസ്യങ്ങൾ നൽകിയതിനാണ് കോടതി ഇവരെ വിമർശിച്ചത്. പിന്നീട് ഈ വിഷയത്തിൽ രാംദേവ് സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു.






