കീവ്: റഷ്യ- യുക്രൈൻ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികൾ മോസ്കോയിലും കീവിലും സന്ദർശനം നടത്താനിരിക്കെ, താൽക്കാലിക വെടിനിർത്തലിന് നിർദേശം നൽകി യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി. ട്രംപിന്റെ പ്രതിനിധികളായ ജാരഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ഇന്ന് മോസ്കോയിലും ഞായറാഴ്ച കീവിലും എത്തി സമാധാന കരാറിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനിരിക്കെയാണ് സെലൻസ്കിയുടെ നിർദേശം.
അതേസമയം റഷ്യ- യുക്രൈൻ യുദ്ധത്തിന് അറുതിവരുത്താനുള്ള സാധ്യതകൾ തേടിയുള്ള ചർച്ചകളുടെ ഭാഗമായാണ് ഇരുവരുടെയും സന്ദർശനം. കുഷ്നറും വിറ്റ്കോഫും ആദ്യമായാണ് യുക്രൈൻ തലസ്ഥാനമായ കീവിൽ സമാധാന ചർച്ചകൾക്കായി എത്തുന്നത്. വെള്ളിയാഴ്ച റഷ്യ കീവിലെ യുക്രൈൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെ പകൽസമയത്ത് വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് സെലൻസ്കി വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ചത്. ആക്രമണം യുക്രൈൻ രഹസ്യാന്വേഷണ മേധാവിയുടെ ഓഫീസിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് സെലൻസ്കി പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ പ്രതിനിധികളുടെ സന്ദർശനം സ്ഥിരീകരിച്ച് ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത സെലൻസ്കി, കുഷ്നറും വിറ്റ്കോഫും ശനിയാഴ്ച മോസ്കോയും ഞായറാഴ്ച കീവുമാണ് സന്ദർശിക്കുകയെന്ന് വ്യക്തമാക്കി. സന്ദർശനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥർ യോഗം ചേർന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രതിനിധികൾക്ക് സുരക്ഷിതമായി കീവിലെത്തുന്നതിനായി റഷ്യൻ വ്യോമമേഖലയുടെ സാധാരണ പ്രവർത്തനം തുടരുമെന്ന് ഉറപ്പാക്കാൻ തീരുമാനിച്ചതായും സെലൻസ്കി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രതിനിധികളുടെ സന്ദർശനവും ചർച്ചകളും നടക്കുന്ന സമയത്ത് യുക്രൈൻ റഷ്യയ്ക്കെതിരെ വ്യോമാക്രമണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങളുണ്ടാകില്ല. റഷ്യയും അതിന് സമാനമായി, ഈ ചർച്ചകൾ നടത്താനും അമേരിക്കൻ പ്രതിനിധികളുടെ സന്ദർശനവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക് പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യമായ സമയത്തേക്ക് വ്യോമാക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണം,” സെലൻസ്കി പറഞ്ഞു.
അതേസമയം അമേരിക്കൻ പ്രതിനിധികളുടെ സന്ദർശനത്തെ യുക്രൈൻ ഗൗരവത്തോടെയാണ് കാണുന്നതെന്നും റഷ്യയെയല്ല, പ്രതിനിധികളെയാണ് രാജ്യം പരിഗണിക്കുന്നതെന്നും സെലൻസ്കി വ്യക്തമാക്കി. നാലര വർഷത്തോളമായി തുടരുന്ന യുദ്ധത്തിന് യഥാർഥ പരിഹാരം കണ്ടെത്താനുള്ള സാധ്യതകളാണ് യുക്രൈൻ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
“സ്റ്റീവും ജാരഡും എന്ത് നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും മോസ്കോ അവരോട് എന്താണ് പറയുന്നതെന്നും നമുക്ക് കാണാം,” സെലൻസ്കി കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കീവിലും മറ്റ് യുക്രൈൻ നഗരങ്ങളിലും റഷ്യ പകൽസമയത്തു പോലും വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ജനവാസ മേഖലകളെയും ആക്രമണങ്ങൾ ബാധിച്ചതായി യുക്രൈൻ ആരോപിച്ചു.
വെള്ളിയാഴ്ച കീവിൽ പകൽസമയത്ത് ആക്രമണം നടത്തുന്നതിന് മുമ്പ് ഒഡേസ മേഖലയിൽ റഷ്യ വലിയ തോതിലുള്ള രാത്രി വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം കുറഞ്ഞത് അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഡ്നിപ്രോ മേഖലയിലും രാത്രിയിലുണ്ടായ ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ട്രംപ് പ്രതിനിധികളുടെ മോസ്കോ, കീവ് സന്ദർശനം യുഎസ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിഹാരം കണ്ടെത്താനുള്ള ചർച്ചകളിൽ നിർണായക നീക്കമായി ഈ സന്ദർശനത്തെ കാണുന്നുണ്ട്. വെടിനിർത്തലിനുള്ള സെലൻസ്കിയുടെ നിർദേശം റഷ്യ അംഗീകരിക്കുമോ എന്നതാണ് ഇനി പ്രധാന ചോദ്യം.






