നിലമ്പൂർ: ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട് നടത്തുന്ന കോളേജ് ഗസ്റ്റ് അധ്യാപകൻ ഉൾപ്പെടെ 4 പേർ പിടിയിൽ. മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടി പാർലർ ഉടമ ജവാഹർ നഗർ ചിറയിൽ സുബ്രഹ്മണ്യൻ (38), പത്തിരിയാൽ ടി.എൻ.റീന, കല്ലേമ്പാടം തിരുത്തിയിൽ വിവേക് (36) എന്നിവരെ ആണ് എസ്ഐ കെ.എം.അർഷിദ് അറസ്റ്റ് ചെയ്തത്.
ഡാൻസാഫ് ടീം, നിലമ്പൂർ പോലീസ് എന്നിവർ ചേർന്ന് ജിഎംയുപി സ്കൂളിനു സമീപം സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ പരിശോധന നടത്തിയതോടെയാണ് അധ്യാപകനടക്കം കുടുങ്ങിയത്. സുബ്രഹ്മണ്യന്റെ കൈവശം 0.4 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ സുഹൈൽ, വിവേക്, റീന എന്നിവർക്ക് പതിവായി എംഡിഎംഎ വിൽക്കുന്നതായി വിവരം ലഭിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ സുഹൈൽ വിദ്യാർഥികൾ, സുഹൃത്തുക്കൾ എന്നിവർക്ക് വിൽപന നടത്തുന്നതായി തെളിഞ്ഞു. മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈൽ 3 വർഷമായി കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് മൊത്ത വിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങി വിൽപന നടത്തുകയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതേസമയം സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് സുഹൈൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഡിവൈഎസ്പി കെ.റഫീക്ക്, ഇൻസ്പെക്ടർ എൻ.ബി ഷൈജു, പി.സാബിറലി, പി.സജീഷ്, സി.കെ.സജിഷ്, എം.കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.




