കൊച്ചി: കൊച്ചിയിൽ വീട്ടുകാരെ കത്തി മുനയിൽ നിർത്തി അഞ്ചംഗ സംഘം കവർച്ച നടത്തിയതായി പരാതി. അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 1.80 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ, 3.50 ലക്ഷം രൂപ, മൊബൈൽ ഫോണുകൾ എന്നിവയാണ് സംഘം കവർന്നതെന്നാണ് പരാതി.
കവർച്ചയ്ക്കിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വിവസ്ത്രരാക്കിയെന്നും പരാതിയുണ്ട്. അക്രമികൾക്ക് വീട്ടിൽ താമസിക്കുന്നവരുമായി മുൻപരിചയമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്. വീട്ടുകാരുമായി അക്രമികൾക്കുണ്ടായിരുന്ന മുൻപരിചയവും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.




