കാഠ്മണ്ഡു: പ്രളയക്കെടുതിക്കിടെ നേപ്പാളിൽ കുട്ടികളടക്കം 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്സ്. എംബസികളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവരെല്ലാം സുരക്ഷിതരാണ്. എന്നാൽ ആരെയും നേരിട്ട് ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല. എംബസി മുഖേന ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിച്ചുവരികയാണെന്ന് നോർക്ക റൂട്ട്സ് പ്രതിനിധി രാജേഷ് മാധവൻ അറിയിച്ചു.
ഫോൺ മുഖേന ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 53 മലയാളികൾ നേപ്പാളിലുള്ളതായി സ്ഥിരീകരിച്ചത്. ഇവരുടെ കൃത്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാഞ്ഞങ്ങാട്ടുനിന്നുള്ള യാത്രക്കാരുമായി ബന്ധപ്പെടാൻ സാധിച്ചതായും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രാജേഷ് മാധവൻ പറഞ്ഞു.
നേപ്പാളിലേക്ക് എത്ര മലയാളികൾ യാത്ര ചെയ്തിട്ടുണ്ടെന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. ഹെൽപ് ലൈൻ നമ്പറുകളിലേക്കടക്കം ലഭിച്ച ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് 53 പേർ നേപ്പാളിലുണ്ടെന്ന് വ്യക്തമായത്. തീർത്ഥാടനത്തിനായി പോയവരും ഇവരിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം, ട്രാവൽ ഏജൻസി മുഖേന കൊച്ചിയിൽനിന്ന് നേപ്പാളിലേക്ക് പോയ 38 അംഗ സംഘം സുരക്ഷിതരാണെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. മിന്നൽ പ്രളയമുണ്ടായ പ്രദേശത്തിന് സമീപം ആറ് മണിക്കൂറോളം സംഘം റോഡിൽ കുടുങ്ങിക്കിടന്നിരുന്നു. പിന്നീട് രണ്ട് ട്രാവലറുകളിലായി ഇവർ ഹോട്ടലിലെത്തിയതായാണ് വിവരം.
സംഘം ഓഗസ്റ്റ് 29ന് കേരളത്തിൽ തിരിച്ചെത്തും. എല്ലാവരും സുരക്ഷിതരാണെന്നും പൊഖാറയിലേക്ക് യാത്ര തിരിച്ചതായും ടൂർ ഓപ്പറേറ്റർ ടിനു അറിയിച്ചു.
സംഘത്തിൽ കോട്ടയത്തുനിന്ന് 16 പേരും കാസർകോട് നിന്ന് അഞ്ച് പേരും എറണാകുളത്തുനിന്ന് 12 പേരുമാണുള്ളത്. കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽനിന്ന് രണ്ട് പേർ വീതവും സംഘത്തിലുണ്ട്. ഓഗസ്റ്റ് 23നാണ് സംഘം നേപ്പാളിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് 29ന് ഗൊരഖ്പൂരിൽനിന്ന് വിമാനമാർഗം കേരളത്തിലേക്ക് മടങ്ങുമെന്ന് ടിനു പറഞ്ഞു.






