കാക്കനാട്: കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയ അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി ശക്തമാക്കി. എറണാകുളം ജില്ലയിൽ ഒൻപത് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ 72 വാഹന ഉടമകൾക്കെതിരെ കേസെടുത്തു. നികുതി ഇനത്തിൽ മാത്രം ഒരു കോടിയിലധികം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് കളമശേരി, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് സംഘവും ഓഫീസ് സ്ക്വാഡും പരിശോധന നടത്തിയത്. ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിലെ റോഡ് നികുതി കൃത്യമായി അടയ്ക്കണമെന്നാണ് നിയമം. എന്നാൽ നിരവധി വാഹനങ്ങൾ ഈ വ്യവസ്ഥ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
നികുതി കുടിശ്ശികയ്ക്ക് പുറമെ ഗുരുതരമായ മറ്റ് ഗതാഗത നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ചരക്കുനീക്കം നടത്തിയതും നിരോധിത എയർ ഹോണുകൾ ഉപയോഗിച്ചതും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളിൽ ക്രമക്കേട് വരുത്തിയതും കണ്ടെത്തി.
എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിച്ചതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജ് ചകിലത്തിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഓൾ ഇന്ത്യ പെർമിറ്റുള്ള വാഹനങ്ങൾ കേരളത്തിൽ സർവീസ് നടത്തുമ്പോൾ സംസ്ഥാനത്തിന് അടയ്ക്കേണ്ട നികുതി കൃത്യമായി അടയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എറണാകുളം മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സജി പ്രസാദ്, മൂവാറ്റുപുഴ ആർ.ടി.ഒ. ബി. ഷഫീഖ്, എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബിജു ഐസക് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.






