തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തോൽവിയെ കുറിച്ച് പാർട്ടി വിശദമായ പരിശോധിക്കും. ജനങ്ങളെയും പാർട്ടി ഘടകങ്ങളെയും പൂർണമായി കേട്ടാവും പരിശോധന നടത്തുകയെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഗോവിന്ദൻ തയ്യാറായില്ല.
ഈ തെരഞ്ഞെടുപ്പിൽ പാർട്ടി ഘടകങ്ങളുടെ പ്രവർത്തനവും സംഘടനപരമായ രാഷ്ട്രയീയപരമായ പ്രശ്‌നങ്ങളും വിവിധ തലത്തിലുള്ള പ്രചാരവേലകളും തോൽവിക്ക് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമികമായി കാണുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതുപോലെ പാർട്ടി പ്രവർത്തകരെയും പാർട്ടി ഘടകങ്ങളെയും ഘടകക്ഷികളെയും ജനങ്ങളെയാകെ വിശ്വാസത്തിലെടുക്കുകയും അവരെ പരിഗണിച്ചുകൊണ്ടാകും തിരിച്ചടിയെക്കുറിച്ചുള്ള തങ്ങളുടെ പരിശോധനയും നിലപാടും സ്വീകരിക്കുകയുമെന്നും ഗോവിന്ദൻ പറഞ്ഞു. ഈ തെരഞ്ഞടുപ്പിൽ 37. 6 ശതമാനം വോട്ടാണ് ലഭിച്ചത്. അത് താരതമ്യേനെ കുറഞ്ഞ ശതമാനമാണ്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 2019ൽ 35.1 ശതമാനവും 2024ൽ 33.35 ശതമാനം വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. ആ സമയത്തെല്ലാം തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ജനങ്ങൾക്ക് വിശ്വാസകര്യമാകുന്ന രിതിയിൽ തിരുത്തലുകൾ വരുത്തിയുമാണ് എൽഡിഎഫ് തിരിച്ചുവന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. എല്ലാവരും പറയുന്നത് കേൾക്കും. തോൽവിയിൽ ഇന്ന് പ്രാഥമിക പരിശോധനയാണ് സെക്രട്ടേറിയറ്റ് നടത്തിയത്. പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായങ്ങൾ അവരുടെ ഘടകങ്ങളിൽ അവസരമൊരുക്കണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് ജില്ലാ സെക്രട്ടറിയേറ്റും രണ്ട് ദിവസം ചേരുന്ന ജില്ലാ കമ്മിറ്റി യോഗവും ചേരും. എല്ലാ ഏരിയാ കമ്മിറ്റി യോഗത്തിലും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോക്കൽ കമ്മിറ്റി യോഗവും ഏരിയാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗവും ചേരും
ഇത്തരം യോഗങ്ങളിലെ ചർച്ചകൾ പരിഗണിച്ച് തെരഞ്ഞടുപ്പ് റിവ്യൂ തയ്യാറാക്കും. പാർട്ടിക്കെതിരെ വലിയ രീതിയിൽ പ്രചാരവേലകൾ നടക്കുന്നുണ്ട്. അതിനെ അതിജീവിച്ചുകൊണ്ട് പാർട്ടി തിരിച്ചുവരും. അഞ്ച് വർഷം കഴിയുമ്പോൾ ഭരണമാറ്റം നടക്കുന്ന സംസ്ഥാനമാണ് കേരളം. അതിനൊരു മാറ്റം വരുത്തിയത് എൽഡിഎഫ് ആണ്. ഇടുതുമുന്നണിക്ക് വീണ്ടും അധികാരത്തിൽ വരാൻ കഴിയും. അതിനുതകുന്ന തരത്തിലുള്ള തിരുത്തലുകൾ പാർട്ടി സ്വീകരിക്കും. അത് ജനങ്ങളോട് തുറന്നുപറയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


















































