കൽപറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ പ്രതികളെ കോടതി വെറുതേവിട്ടു. കൊലപാതകം നടത്തിയതായി കണ്ടെത്തിയ രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചിരുന്നു. വിനോദിനെ അവസാനമായി വെട്ടിയത് അശോകനാണെന്നും അതാണ് മരണകാരണമെന്നും കോടതി കണ്ടെത്തി. പ്രതി മരിച്ചതിനാൽ അശോകനെതിരെ ശിക്ഷ വിധിച്ചില്ല.
മറ്റ് പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കൽപറ്റ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സ്പെഷ്യൽ കോടതി വ്യക്തമാക്കി.
അതേസമയം, മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട അബ്ദുൾ സലാം വധശ്രമക്കേസിൽ നാല് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എം. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ മറ്റ് 53 പ്രതികളെ കോടതി വെറുതേവിട്ടു.
23 വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ പൂർത്തിയാക്കി വിധി വന്നത്.
2003 ജനുവരിയിലാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ആദിവാസി കുടുംബങ്ങൾ മുത്തങ്ങയിലെ വനത്തിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. അഞ്ചേക്കർ ഭൂമി നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
2003 ഫെബ്രുവരി 19ന് സമരക്കാരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് നടത്തിയ നടപടിക്കിടെയാണ് സംഘർഷമുണ്ടായത്. സമരക്കാർ ബന്ദിയാക്കിയിരുന്ന കെ.വി. വിനോദിന് വെട്ടേറ്റു. സമരക്കാരിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിനോദ് മരിച്ചത്. പൊലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിൽ ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. തുടർന്ന് കേസ് സി.ബി.ഐ ചെന്നൈ യൂണിറ്റിന് കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലുണ്ടായിരുന്ന വിചാരണ വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.
പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. വിനോദിനെ രണ്ട് പ്രതികൾ മാരകമായി മുറിവേൽപ്പിച്ചുവെന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷമെത്തിയ വിധി ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.



















































