മുണ്ടക്കയം: വിവാഹത്തിന് ഭക്ഷണം നൽകാമെന്നാ വാക്കു നൽകി പണം വാങ്ങിയശേഷം ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സംഘം മുങ്ങി. വിവാഹം കഴിഞ്ഞെത്തിയ വരന്റെ വീട്ടുകാർക്ക് ഭക്ഷണം കണ്ടെത്തുവാൻ വലഞ്ഞ് വധുവിന്റെ വീട്ടുകാർ. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരേയും പണം കൈപ്പറ്റിയ വിഷ്ണുവിനെതിരേയും ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സംഭവം.
പനയ്ക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനായി 1.40 ലക്ഷം രൂപ നൽകി 400 ആളുകൾക്കുള്ള സദ്യ ബുക്കുചെയ്തിരുന്നു. പറഞ്ഞ സമയത്ത് ഉച്ചയോടെ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ അവസാനിച്ചിട്ടും ഓഡിറ്റോറിയത്തിൽ ഭക്ഷണം എത്തിയില്ല. കരാർ വാങ്ങിയ ആളെ ഫോണിൽ കിട്ടാതായതോടെ വീട്ടുകാർ സമ്മർദത്തിലായി.
പലയിടത്തും ഉച്ചഭക്ഷണതിന്റെ തിരക്കിലായതിനാൽ ഹോട്ടലിൽനിന്നും ഭക്ഷണം കിട്ടുവാനും ബുദ്ധിമുട്ടി. പിന്നീട് വിവിധ ഹോട്ടലിൽനിന്നായി ഭക്ഷണം ക്രമീകരിച്ച് അതിഥികൾക്ക് നൽകുകയായിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിലും സമാനമായ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസിൽ ഇയാൾക്കെതിരേ പരാതി നൽകിയിട്ടുണ്ട്.






