മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് മുന്നോടിയായി വ്യാജ പിഎംഒ തിരിച്ചറിയൽ കാർഡുമായി യുവാവും തോക്കുമായി ഇയാളുടെ അംഗരക്ഷകനും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 24കാരനായ രോഹൻ പരീഖും ഇയാളുടെ അംഗരക്ഷകനെന്ന് പറയപ്പെടുന്ന ദിലീപ് കുന്ദെയുമാണ് അറസ്റ്റിലായത്. പ്രതിശ്രുത വധുവിനെയും കുടുംബത്തെയും സ്വാധീനിക്കാനായി താനൊരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിക്കുന്നതിനാണ് രോഹൻ പരീഖ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നതിന് തലേദിവസം മുംബൈയിലെ ജിയോ വേൾഡ് പ്ലാസ മാളിലെ സുരക്ഷാ ജീവനക്കാരുമായി ഇരുവരും തർക്കത്തിലേർപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തർക്കത്തിനിടെ രോഹൻ പരീഖ് താനൊരു പിഎംഒ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ദിലീപ് കുന്ദെയുടെ കൈവശം തോക്കും ഉണ്ടായിരുന്നു.
തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് മുംബൈയിലെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കി. അന്വേഷണത്തിനൊടുവിലാണ് യുവാവ് ആസൂത്രണം ചെയ്ത തട്ടിപ്പ് പുറത്തായത്.
അടുത്തിടെയാണ് രോഹൻ പരീഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിന് പിന്നാലെ പ്രതിശ്രുത വധുവിനും കുടുംബത്തിനും മുന്നിൽ താൻ കേന്ദ്രസർക്കാരിൽ വലിയ സ്വാധീനമുള്ള ഉദ്യോഗസ്ഥനാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുള്ളയാളാണെന്ന് വിശ്വസിപ്പിക്കുന്നതിനായാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയത്.
പിഎംഒയുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡിനോട് സാമ്യമുള്ള വ്യാജ കാർഡ് നിർമിക്കാൻ പരീഖ് എഐ ഉപകരണങ്ങൾ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിന് തൊട്ടുമുമ്പ് ജിയോ വേൾഡ് പ്ലാസ പരിസരത്ത് ഇയാൾ രണ്ടുതവണ എത്തിയിരുന്നു. വിവിഐപി പ്രവേശന കവാടത്തിലൂടെ അകത്തുകടന്ന് തന്റെ സ്വാധീനം പ്രതിശ്രുത വധുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പരീഖിനും കുന്ദെയ്ക്കും പുറമെ യുവാവിന്റെ ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, രോഹന്റെ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പ്രഥമേഷ് ബാഗുലിനായി തിരച്ചിൽ തുടരുകയാണ്.
വഞ്ചന, വ്യാജരേഖ നിർമാണം, വിവിഐപി സുരക്ഷാ പ്രോട്ടോക്കോൾ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






