തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ മാത്രമാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്. സൈബർ പോരാളികൾ പറഞ്ഞുനടക്കുന്ന ഇത്തരം കള്ളങ്ങൾ മുഖ്യമന്ത്രി സഭയിൽ പറയുന്ന നിലവാരത്തിലേക്ക് കാര്യങ്ങൾ എത്തിയത് കഷ്ടമാണെന്നും അദ്ദേഹം വിമർശിച്ചു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് സംസ്ഥാനത്ത് 748 ബാർ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അബ്കാരി നയത്തിൽ പെട്ടെന്ന് മാറ്റം വരുത്താൻ കാരണം ബാർ കോഴ ആരോപണവും വി.എം സുധീരനുമായുള്ള കടുത്ത രാഷ്ട്രീയ പോരാട്ടവുമായിരുന്നു.
ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷൻ ഉള്ള 29 ബാർ ലൈസൻസുകൾ ഒഴികെയുള്ളവ അന്ന് റദ്ദാക്കിയത് വെറും വാശിയുടെ പുറത്തായിരുന്നെന്നും അത് സുധീരനെ തോൽപ്പിക്കാൻ ഗത്യന്തരമില്ലാതെ ചെയ്ത കാര്യമാണെന്നും എംബി രാജേഷ് ആരോപിച്ചു. ബാർ ലൈസൻസുകൾ റദ്ദാക്കി എങ്കിലും ആ സ്ഥാപനങ്ങൾക്കൊന്നും മദ്യവിൽപന നിർത്തേണ്ടി വന്നില്ല എന്നതാണ് യാഥാർത്ഥ്യമെന്നും രാജേഷ് പറഞ്ഞു.
ലൈസൻസ് നഷ്ടപ്പെട്ട എല്ലാ ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾ അനുവദിച്ചുകൊണ്ട് അന്നത്തെ സർക്കാർ അഴിമതി ആരോപണത്തിൽ നിന്ന് തടിയൂരുകയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ കേരളത്തിൽ 813 ബിയർ വൈൻ പാർലറുകളും 306 ബെവ്‌കോ ഔട്ട്‌ലെറ്റുകളും സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






