തൃശൂർ: പത്തുവർഷം മുൻപ് ആദ്യമായി വ്യോമമാർഗമെത്തിച്ച് ഹൃദയം മാറ്റിവെച്ച മാത്യു അച്ചാടൻ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പത്തുവർഷം മുൻപ് 2015 ജൂലൈ 24-നാണ് ചാലക്കുടി പരിയാരം സ്വദേശിയായ മാത്യു അച്ചാടന് ഹൃദയം മാറ്റിവെച്ചത്. ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന അച്ചാടന് 47-ാം വയസിലാണ് ഹൃദയം മാറ്റിവെച്ചത്. അന്ന് തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശർമയുടെ ഹൃദയമാണ് മാത്യുവിന് വെച്ചത്.
അന്ന് തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് ഹൃദയമെത്തിച്ചത് നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു. 2015-ലാണ് മാത്യു അച്ചാടനെ കൊച്ചിയിലെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയം മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവം മൂലം മസ്തിഷ്‌കമരണം സംഭവിച്ച യുവ അഭിഭാഷകൻ നീലകണ്ഠ ശർമയുടെ ഹൃദയം മാറ്റിവയ്ക്കാൻ തീരുമാനിച്ചുവെങ്കിലും ഹൃദയം റോഡിലൂടെ തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് എത്തിക്കുക എന്നതായിരുന്നു അക്കാലത്തെ പ്രധാന പ്രതിസന്ധി.
ഇതോടെ അന്നത്തെ എംഎൽഎ ഹൈബി ഈഡൻ വഴി ബന്ധുക്കൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ടു. പിറ്റേന്ന് രാവിലെ പതിനൊന്ന് മണിയോടെ ആറുപേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റർ നൽകാൻ നേവി തീരുമാനിക്കുകയായിരുന്നു. 35 മിനിറ്റ് കൊണ്ട് ഹൃദയം കൊച്ചിയിൽ എത്തിച്ചു. കേരളത്തിൽ വ്യോമമാർഗമുളള ആദ്യ അവയവം എത്തിക്കലായിരുന്നു അത്.















































