ന്യൂഡൽഹി: പച്ചക്കറി പാകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 31കാരിയായ ഭാര്യയെ ഭർത്താവ് മക്കളുടെ മുന്നിലിട്ട് വെടിവച്ച് കൊന്നതായി പോലീസ്. ഡൽഹിയിലെ തിഗ്രി മേഖലയിലെ സംഗം വിഹാറിലാണ് വെള്ളിയാഴ്ച വൈകിട്ട് സംഭവം നടന്നത്. പൂനം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കമലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. വീട്ടിൽ പച്ചക്കറി പാകം ചെയ്യാത്തതിനെച്ചൊല്ലി കമലേഷും പൂനവും തമ്മിൽ തർക്കമുണ്ടായതായാണ് പ്രാഥമിക വിവരം. തർക്കം പിന്നീട് രൂക്ഷമാവുകയും കമലേഷ് പൂനത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. വെടിയേറ്റ പൂനം സംഭവസ്ഥലത്തുതന്നെ മരിച്ചു.
വെടിയൊച്ച കേട്ടതിനെ തുടർന്ന് സമീപവാസികൾ വീട്ടിലെത്തി വാതിലിൽ മുട്ടി. എന്നാൽ കമലേഷ് കുറച്ചുസമയത്തേക്ക് വാതിൽ തുറന്നില്ല. വീട്ടിനുള്ളിലുണ്ടായിരുന്ന ദമ്പതികളുടെ മൂന്ന് കുട്ടികൾ കരയുന്നതും നാട്ടുകാർ കേട്ടു. ഇതോടെ വാതിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും വീണ്ടും കമലേഷിനോട് ആവശ്യപ്പെട്ടു. ഇതിനിടെ കമലേഷ് വീട്ടിൽനിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുകയും പൂനം സ്വയം വെടിവച്ച് മരിച്ചതാണെന്ന് നാട്ടുകാരോട് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു. എന്നാൽ കമലേഷിന്റെ വാദത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞുനിർത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി കമലേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പൂനത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ചും തർക്കത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.




