ബംഗളൂരു: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആർഎസ്എസിന്റെ സ്വാധീനവലയത്തിലാണെന്നും വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നിരന്തര ശ്രമങ്ങളാണ് നടക്കുന്നതെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടകയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും പാഠ്യപദ്ധതി പരിഷ്കരണങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് യോഗ്യതയുള്ള വിദഗ്ധർക്ക് പകരം ആർഎസ്എസ് അനുകൂലികളെയാണ് തിരുകിക്കയറ്റുന്നതെന്ന് ഖർഗെ ആരോപിച്ചു.
ചരിത്രത്തെയും ശാസ്ത്രത്തെയും വളച്ചൊടിച്ച് വിദ്യാർഥികളിലേക്ക് സങ്കുചിത രാഷ്ട്രീയ അജണ്ടകൾ കുത്തിവെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാജ്യത്തിന്റെ വൈവിധ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തകർക്കുന്ന തരത്തിലാണ് സ്കൂൾ-കോളേജ് പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതലമുറയിൽ യുക്തിചിന്തയും ജനാധിപത്യ ബോധവും വളർത്തുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് ഖർഗെ വ്യക്തമാക്കി.
കേന്ദ്ര ഏജൻസികളെയും സ്വയംഭരണ സ്ഥാപനങ്ങളെയും ആർഎസ്എസ് നിയന്ത്രണത്തിലാക്കുന്ന പ്രവണതയ്ക്കെതിരെ മതേതര പാർട്ടികളും പൊതുസമൂഹവും ശക്തമായി രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.






