ലഖ്നൗ: ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 19-കാരിയായ യുവതിയെ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തെന്ന ഗുരുതരാരോപണത്തിൽ 37-കാരനായ ഡോക്ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന സംഭവത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ബ്രിജേഷ് പാഥക് അടിയന്തര ഇടപെടൽ നടത്തി ആശുപത്രി സീൽ ചെയ്യാനും പ്രതിയുടെ മെഡിക്കൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നിർദേശം നൽകി.
കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ. ചികിത്സയുടെ ഭാഗമായി ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ വനിതാ സ്റ്റാഫിനെ പുറത്താക്കുകയും തുടർന്ന് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മേയ് 21-നാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് വ്യാഴാഴ്ച പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
യുവതി പട്ടികജാതി വിഭാഗത്തിൽപ്പെട്ടതിനാൽ എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമപ്രകാരം അധിക വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിയായ വിജയ് കുമാർ ഗിരി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ‘ടേജസ്’ ആശുപത്രി നടത്തിവന്നിരുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം അറിയിച്ചു.
തെളിവായി പ്രതി സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അധിക ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ട്വിങ്കിൾ ജെയിൻ അറിയിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രി അടച്ചുപൂട്ടുകയും സീൽ ചെയ്യുകയും ചെയ്തു.
സംഭവത്തിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ബ്രിജേഷ് പാഥക് വ്യക്തമാക്കി. പ്രതിയുടെ മെഡിക്കൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും ആയുർവേദ മെഡിക്കൽ ബിരുദം വരെ റദ്ദാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. ഭാവിയിൽ ഒരിക്കലും മെഡിക്കൽ സേവനങ്ങളിൽ ഏർപ്പെടാനാവാത്ത വിധം നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
“സംസ്ഥാന സർക്കാർ പീഡിത യുവതിക്കും കുടുംബത്തിനുമൊപ്പമാണ്. പ്രതിക്ക് ഏറ്റവും കർശനമായ ശിക്ഷ ഉറപ്പാക്കും,” എന്ന് ബ്രിജേഷ് പാഥക് സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനിടയുണ്ടെന്നും പോലീസ് അറിയിച്ചു.

















































