തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കുള്ള പദവി വേണമെന്ന യുഡിഎഫ് ഘടകകക്ഷികളുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ തീരുമാനമെടുത്തേക്കും. ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം.
എം.കെ. മുനീറിനായി മുസ്ലീം ലീഗും പി.ജെ. ജോസഫിനായി കേരള കോൺഗ്രസുമാണ് രംഗത്തുള്ളത്. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനും കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവും എംഎൽഎയുമായ മാണി സി. കാപ്പനും പദവിക്കായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ മാണി സി. കാപ്പൻ, എം.കെ. മുനീർ, പി.ജെ. ജോസഫ് എന്നിവർക്കാണ് മുൻഗണന.
പി.ജെ. ജോസഫിനായി കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായ മോൻസ് ജോസഫാണ് രംഗത്തെത്തിയത്. മുന്നണിയിലെ മുതിർന്ന നേതാവായ പി.ജെ. ജോസഫിന് ക്യാബിനറ്റ് റാങ്കുള്ള പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണെന്നാണ് മോൻസ് ജോസഫ് പറഞ്ഞത്.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയാണ് എം.കെ. മുനീറിനായി മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. നോർക്ക വൈസ് ചെയർമാൻ പദവിയോടാണ് മാണി സി. കാപ്പന് താൽപര്യം.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം എം.കെ. മുനീറിന് നൽകിയാൽ പി.ജെ. ജോസഫിനെ വയോജനക്ഷേമം, കൃഷി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കമ്മീഷനുകളിലേക്ക് പരിഗണിച്ചേക്കും.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്തേക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമാകും മുഖ്യമന്ത്രി വി.ഡി. സതീശൻ തീരുമാനം പ്രഖ്യാപിക്കുക.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി. തോമസിനും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാമിനുമാണ് ക്യാബിനറ്റ് പദവി നൽകിയിരുന്നത്.




