കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട്. പ്രധാന ടെർമിനലായ ടി1-നാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ വലിയ നാശനഷ്ടവും നിരവധി പേർക്ക് പരിക്കേറ്റതായും കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ കുവൈറ്റ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (DGCA) അടിയന്തര പ്രവർത്തന പദ്ധതി സജീവമാക്കി. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അടുത്ത അറിയിപ്പ് വരുന്നതുവരെ വിമാനങ്ങളെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. അടുത്തിടെ അടച്ചിട്ടിരുന്ന ടെർമിനൽ ഒന്ന് ഈ മാസം ഒന്നാം തീയതിയാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. എയർ ഇന്ത്യ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ ഈ ടെർമിനലിലൂടെയാണ് പ്രവർത്തിക്കുന്നത്.
ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 393 പാതിവഴിയിൽ തിരികെ കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്.

















































