കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ ഇന്ന്, ഓഗസ്റ്റ് 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മദ്രസകൾ, മതബോധന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, പ്രത്യേക പരിശീലന ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ചില ജില്ലകളിൽ അവധി ബാധകമല്ല.
എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി നൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചത്. റസിഡൻഷ്യൽ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
മലപ്പുറത്തും ഓറഞ്ച് അലർട്ടിനെ തുടർന്നാണ് മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയത്ത് റെഡ് അലർട്ടിനെ തുടർന്നാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. മതപഠന ക്ലാസുകൾ, ട്യൂഷൻ, കോച്ചിംഗ്, സ്പെഷ്യൽ ക്ലാസുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
കോഴിക്കോട്ട് റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മദ്രസകൾ, സൺഡേ സ്കൂളുകൾ, മറ്റ് മതബോധന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക പരിശീലന കേന്ദ്രങ്ങൾ എന്നിവ പൂർണമായും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള ഓഫ്‌ലൈൻ പഠന-പരിശീലന ക്ലാസുകൾ അനുവദിക്കില്ല. എന്നാൽ ഓൺലൈൻ ക്ലാസുകൾക്ക് നിയന്ത്രണമില്ല.
കോഴിക്കോട്ട് ക്വാറികളുടെ പ്രവർത്തനത്തിനും വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വയനാട്ടിലും റെഡ് അലർട്ടിനെ തുടർന്ന് മതപഠന ക്ലാസുകൾ, ട്യൂഷൻ, കോച്ചിംഗ്, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളജുകൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരും.
തൃശ്ശൂരിലും റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മതപഠന ക്ലാസുകൾ, ട്യൂഷൻ, കോച്ചിംഗ്, സ്പെഷ്യൽ ക്ലാസുകൾ എന്നിവയും അവധിയിൽ ഉൾപ്പെടും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
കണ്ണൂരിലും റെഡ് അലർട്ടും കനത്ത മഴയും കണക്കിലെടുത്ത് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.



















































